Monday, August 31, 2009

കനവൂറും കവിതയീ
കടലാസ്സിൽ കുറിചിട്ടു
കവി ഞാൻ നിൻ കവാടത്തിൽ
കനിവിന്നായ് കാത്തു നില്പൂ

കോട്ട വാതിൽ കടക്കുവാൻ
കാവലാൾക്കു കൈമടക്കിൻ
കിഴിയേകാൻ കഴിവില്ലാ
കാത്തു കാത്തെൻ കാൽകുഴഞ്ഞു

കുറച്ചങ്ങു കിഴക്കായി
കാട്ടുചോലക്കരതന്നിൽ
കെട്ടിയോരാ കുടിൽ മാത്രം
കൈമുതലീ കുചേലന്നു

കാടുതീയിൽ കരിഞ്ഞപ്പോൾ
കായ്കനിയും കിട്ടുകില്ല
കെട്ടിയോളും കിടാത്തരും
കുടിയിൽ കാത്തിരിക്കുന്നു

കരിയുന്ന കുടലുമായ്
കരഞ്ഞു കാത്തിരിക്കുന്ന
കിടാങ്ങൾക്കു കഞ്ഞിനൽകാൻ
കാലണയെൻ കയ്യിലില്ല

കനകത്തിൻ കരണ്ടിയിൽ
കുറുക്കുപാൽ കൊടുത്തപ്പോൾ
കുടിക്കാതെ കളിക്കും നിൻ
കുമാരനെ കാണ്മു ഞാനും

കണക്കിലെ ക്രിയ ചെയ്യാൻ
കുഴങ്ങുന്ന കാലമന്നെൻ
കമ്മട്ടവും കൈക്കലാക്കി
കുറിച്ചൊരാ കുറുമ്പൻ നീ

കാരമുള്ളു കാ‍ലിലേറ്റു
കരഞ്ഞു നീ കിടന്നപ്പോൾ
കൂട്ടുകാരാ കയ്യിലേന്തി
കാതമെത്ര കടന്നൂ ഞാൻ


കോട്ടതന്റെ കമാനത്തിൽ
കൂടിയെന്നെ കണ്ടുവോ നീ
കണ്ടുവെന്നാൽ കാണാത്തപോൽ
കടന്നങ്ങു കളഞ്ഞൂ നീ

കാര്യമില്ലാ കാത്തുനിന്നാൽ
കൂര പറ്റാൻ കഴിയില്ലാ
കുഴിഞ്ഞൊരെൻ കണ്ണുകളിൽ
കൂരിരുട്ടു കനത്തീടും

കിടാത്തന്മാർ കരയുമ്പോൾ
കേട്ടിരിക്കാൻ കഴിയില്ലാ
കരച്ചിലെൻ കരളിലോ
കുടഞ്ഞീടും കനൽക്കട്ട

കാട്ടരളിക്കായരച്ചു
കുഞ്ഞുവായിൽ കൊടുക്കും ഞാൻ
കാട്ടുമാവിൻ കൊമ്പിലൊന്നിൽ
കുരുക്കിട്ടു കെട്ടിയാടും

No comments:

Post a Comment