കരിമ്പന വെട്ടി നാം യക്ഷിയുണ്ടത്രേ!
കരിമുളയും, കാലില്‍ മുള്ള് കൊണ്ടത്രേ!
കരിവീരനെ കൊന്നു കൊമ്പെടുത്തത്രേ
കടല കൊറിച്ചു നാം കള്ളും കുടിച്ചൂ.
കളി ചൊല്ലും കാട്ടാറ് നാട്ടിലെത്തുമ്പോള്‍
കാളിന്ദിയാക്കിയീ കാളിയര്‍ നമ്മള്‍
കളകളമാം കുയില്‍ കൂജനമെല്ലാം
കനവിന്റെ പാഴ്ക്കഥകളായ്മാറിയില്ലേ?
കതിരവനുണരും കൊടുവെയിലിന്നോ
കണ്ണുനീര്‍ത്തുള്ളിയും ആവിയാക്കുന്നൂ
കരിയുന്നിതാ വയല്‍, പിന്നെ വയറും
കാട് നാടായതിതെപ്പോളാണാവോ?
കരിമുകില്‍ ഇനി മേലീ വഴി വന്നിടില്ല
കായാമ്പൂ മണമുള്ള കാറ്റു വീശില്ല
കരയായ കരയെല്ലാം കടലെടുക്കാനായ്
കലിയുഗമിങ്ങിന്നുറഞ്ഞു തുള്ളുന്നു.
കണ്ണട പോരാത്ത തിമിരമിതിന്ന്‍
കഥയിലെ നരകമായ് ഭൂമിയെ മാറ്റി
കഥയറിയാതെ നാം കൈകള്‍ ചുരുട്ടാം
കരി വാരി കസ്തൂരിരംഗനെ തേയ്ക്കാം.
കഞ്ചുകമായൊരാ കാടിനെ കീറി
കാട്ടാളര്‍ അമ്മ മുല പറിക്കുമ്പോള്‍
കണ്ടുനില്ക്കുന്നൊരീ കപടനാം പുത്രന്‍
കവിത കുറിക്കുന്നു കടലാസ്സിലിന്നു.
ജയരാജ്

No comments:
Post a Comment