Friday, June 6, 2014

കരിങ്കവിത:


കരിമ്പന വെട്ടി നാം യക്ഷിയുണ്ടത്രേ!
കരിമുളയും, കാലില്‍ മുള്ള് കൊണ്ടത്രേ!
കരിവീരനെ കൊന്നു കൊമ്പെടുത്തത്രേ
കടല കൊറിച്ചു നാം കള്ളും കുടിച്ചൂ.

കളി ചൊല്ലും കാട്ടാറ് നാട്ടിലെത്തുമ്പോള്‍
കാളിന്ദിയാക്കിയീ കാളിയര്‍ നമ്മള്‍
കളകളമാം കുയില്‍ കൂജനമെല്ലാം
കനവിന്റെ പാഴ്ക്കഥകളായ്മാറിയില്ലേ?

കതിരവനുണരും കൊടുവെയിലിന്നോ
കണ്ണുനീര്‍ത്തുള്ളിയും ആവിയാക്കുന്നൂ
കരിയുന്നിതാ വയല്‍, പിന്നെ വയറും
കാട് നാടായതിതെപ്പോളാണാവോ?

കരിമുകില്‍ ഇനി മേലീ വഴി വന്നിടില്ല
കായാമ്പൂ മണമുള്ള കാറ്റു വീശില്ല
കരയായ കരയെല്ലാം കടലെടുക്കാനായ്
കലിയുഗമിങ്ങിന്നുറഞ്ഞു തുള്ളുന്നു.

കണ്ണട പോരാത്ത തിമിരമിതിന്ന്‍
കഥയിലെ നരകമായ് ഭൂമിയെ മാറ്റി
കഥയറിയാതെ നാം കൈകള്‍ ചുരുട്ടാം
കരി വാരി കസ്തൂരിരംഗനെ തേയ്ക്കാം.

കഞ്ചുകമായൊരാ കാടിനെ കീറി
കാട്ടാളര്‍ അമ്മ മുല പറിക്കുമ്പോള്‍
കണ്ടുനില്ക്കുന്നൊരീ കപടനാം പുത്രന്‍
കവിത കുറിക്കുന്നു കടലാസ്സിലിന്നു.

ജയരാജ്‌

Monday, August 31, 2009

കനവൂറും കവിതയീ
കടലാസ്സിൽ കുറിചിട്ടു
കവി ഞാൻ നിൻ കവാടത്തിൽ
കനിവിന്നായ് കാത്തു നില്പൂ

കോട്ട വാതിൽ കടക്കുവാൻ
കാവലാൾക്കു കൈമടക്കിൻ
കിഴിയേകാൻ കഴിവില്ലാ
കാത്തു കാത്തെൻ കാൽകുഴഞ്ഞു

കുറച്ചങ്ങു കിഴക്കായി
കാട്ടുചോലക്കരതന്നിൽ
കെട്ടിയോരാ കുടിൽ മാത്രം
കൈമുതലീ കുചേലന്നു

കാടുതീയിൽ കരിഞ്ഞപ്പോൾ
കായ്കനിയും കിട്ടുകില്ല
കെട്ടിയോളും കിടാത്തരും
കുടിയിൽ കാത്തിരിക്കുന്നു

കരിയുന്ന കുടലുമായ്
കരഞ്ഞു കാത്തിരിക്കുന്ന
കിടാങ്ങൾക്കു കഞ്ഞിനൽകാൻ
കാലണയെൻ കയ്യിലില്ല

കനകത്തിൻ കരണ്ടിയിൽ
കുറുക്കുപാൽ കൊടുത്തപ്പോൾ
കുടിക്കാതെ കളിക്കും നിൻ
കുമാരനെ കാണ്മു ഞാനും

കണക്കിലെ ക്രിയ ചെയ്യാൻ
കുഴങ്ങുന്ന കാലമന്നെൻ
കമ്മട്ടവും കൈക്കലാക്കി
കുറിച്ചൊരാ കുറുമ്പൻ നീ

കാരമുള്ളു കാ‍ലിലേറ്റു
കരഞ്ഞു നീ കിടന്നപ്പോൾ
കൂട്ടുകാരാ കയ്യിലേന്തി
കാതമെത്ര കടന്നൂ ഞാൻ


കോട്ടതന്റെ കമാനത്തിൽ
കൂടിയെന്നെ കണ്ടുവോ നീ
കണ്ടുവെന്നാൽ കാണാത്തപോൽ
കടന്നങ്ങു കളഞ്ഞൂ നീ

കാര്യമില്ലാ കാത്തുനിന്നാൽ
കൂര പറ്റാൻ കഴിയില്ലാ
കുഴിഞ്ഞൊരെൻ കണ്ണുകളിൽ
കൂരിരുട്ടു കനത്തീടും

കിടാത്തന്മാർ കരയുമ്പോൾ
കേട്ടിരിക്കാൻ കഴിയില്ലാ
കരച്ചിലെൻ കരളിലോ
കുടഞ്ഞീടും കനൽക്കട്ട

കാട്ടരളിക്കായരച്ചു
കുഞ്ഞുവായിൽ കൊടുക്കും ഞാൻ
കാട്ടുമാവിൻ കൊമ്പിലൊന്നിൽ
കുരുക്കിട്ടു കെട്ടിയാടും

Sunday, August 30, 2009

പോകല്ലേ നിൽക്കെന്നു ഞാൻ പറഞ്ഞു
പോകാതെ പോയെന്നു നീ മൊഴിഞ്ഞു
പോയില്ലീ നീയെന്നു കണ്ടറിഞ്ഞു
പാവമീ പെണ്ണെന്നു ഞാൻ പറഞ്ഞു


അന്നു നീ നൽകിയ പുസ്തകത്തിൽ
അറിയാതെഴുതിയ കവിത തന്നിൽ
വരികളാൽ ചാർത്തി ഞാനാ മാരിവിൽ
അഴകോലും നാണമായ് നിൻ കവിളിൽ


തേൻ തുള്ളിയാകുമീ നീയിതെന്നിൽ
അലിയാനായ് വൈകുന്ന നേരമൊന്നിൽ
തീരത്തണയാത്തൊരലകൾ തന്നിൽ
മിഴിനട്ടു നിൽ‌പ്പിതാ ഞാനീ മന്നിൽ

പിരിയാനയെന്തിനന്നൊന്നു ചേർന്നു?
എന്തിനായന്നു നിൻ മിഴി നനഞ്ഞു?
പറയാതെയെങ്ങു നീ പോയ്മറഞ്ഞു?
എൻ വിരഹമോ കോമരമായുറഞ്ഞു

എകനാമെൻ മുന്നിൽ ചക്രവ്യൂഹം
തീണ്ടുന്നു ദുഷ്കീർത്തി കാളസർപ്പം
ജന്മാന്തരമെന്നു രാശിചക്രം
തിരിയുന്നു പിന്നെയും കാലചക്രം

കരിവാവിൻ ദിനമൊരീ സായന്തനം
വീണു തകരുന്നാ വ്യോമയാനം
പത്രത്തിൽ കാണ്മതീ നിന്റെ ചിത്രം
രക്തം കിനിയുന്നിതെന്റെ നേത്രം

Tuesday, May 12, 2009

tharil thazhukunnoromal thennalee

vazhitharayiloodoru vela sancharichennakukil

dhoore thrishivaperoororidathulloren

aniyathikkayayakkam thellurangeedatte thankam


Tuesday, May 5, 2009

വാര്‍ത്തകളുടെ കൊളാഷ്

നായയെ ഞാനിന്നു ഒരു പാട് തല്ലി
അശ്രീകരം..അതിന്നത്തെ
മാതൃഭൂമി മുഴുവന്‍ കടിച്ചുകീറി
എന്നത്തെയും പോലെ ഇന്നും അത്


എന്റെ കവിതകള്‍
മാതൃഭൂമിയില്‍ അച്ചടിച്ചു വരുന്നതു കൊണ്ടല്ലാ
വാര്‍ത്തകളുടെ കൊളാഷ് ആണല്ലോ
എന്റെ കവിതകള്‍

ചരമങ്ങളില്‍ നിന്ന് നഗരത്തില്‍ നിന്ന്
പ്രാദേശികവാര്‍ത്തകളില്‍ നിന്ന്
വാര്‍ത്തയും വീക്ഷണത്തില്‍ നിന്ന്
ഓരോ വരി വീതം അല്ലെങ്കില്‍ ഒരു വാ‍ക്ക്



എല്ലാമെല്ലാം പോയി
എങ്ങൊട്ടെന്നില്ലാതെ
എന്റെ പതിനായിരവും
കണിക്കൊന്നയിലെ അവാര്‍ഡും

ഈയിടെ ആരൊ പറയുന്ന കേട്ടു
ക്രൈമെന്നൊരു വാരികയുണ്ടത്രേ
അതു വായിക്കുന്നവര്‍ക്കാണിപ്പോള്‍
അവാ‍ര്‍ഡ് എന്നും മറ്റും മറ്റും

മറ്റന്നാള്‍ ഞാനും വാങ്ങും
ചന്തയില്‍ പോകുമ്പോള്‍
നായക്കിറച്ചിയും വാങ്ങാം
മാതൃഭൂമി ഞാന്‍ നിര്‍ത്തി